Skip to content Skip to footer

New Gaza
By Marwan Makhoul

Improvisation by Oumenia El Khalif

Malayalam Translation by Anupama Anamangad

സമയമായി!
എന്റെ മകനേ നീ
ഗർഭപാത്രത്തിൽനിന്ന്
തിടുക്കമിറങ്ങിവരിക
നിനക്കായി കാത്തുവെച്ച നാട്
കണ്മുന്നിൽ കത്തിച്ചാമ്പലാവും മുമ്പ്

നിന്റെയീ രാജ്യം വെറും മണ്ണല്ല,
ഈ മണ്ണിന്റെ വിധി കണ്ടറിഞ്ഞ്
മുൻപേ മരിച്ചടിഞ്ഞ കടലുമല്ല,
നിന്റെ രാഷ്ട്രം
നിന്റെ ജനതയാണെന്ന്
എനിക്കു നിന്നെ അറിയിക്കാനുണ്ട്

മഹാമാരി പോലെ
വന്നുവീഴുന്ന ബോംബുകളാൽ
ഛേദിക്കപ്പെട്ട ശരീരങ്ങൾ
അഴകുറ്റ നിഷ്കളങ്കരായ
മനുഷ്യരായിരുന്നുവെന്നും
അവർക്ക് നിന്നെപ്പോലുള്ള
കുഞ്ഞുങ്ങൾ ഉണ്ടായിരുന്നെന്നും
തണുത്ത ശവപ്പെട്ടികളിൽ
മരിച്ചവരോടൊപ്പം ഒളിച്ചിരുന്ന്
ഭയന്നുപിടയ്ക്കുന്ന ജീവനുമായി
ഒരനാഥജന്മം ജീവിച്ചുതീർക്കാൻ
അവർ ബാക്കിയാവുമായിരുന്നെന്നും
നിന്നോടു പറയേണ്ടിവരുമോ

എന്റെ കുഞ്ഞേ
ഇനിയും പിറക്കാൻ വൈകിയാൽ
ഞാനീ പറയുന്നതെല്ലാം
നീ വിശ്വസിക്കുമോ
മനുഷ്യരേയില്ലാത്തൊരു
മണ്ണിൽ ജനിച്ചെന്ന്
നിനക്ക് തോന്നിപ്പോകില്ലേ
രണ്ടുവട്ടം നാടുകടത്തപ്പെട്ടവർ,
എഴുപത്തഞ്ചു വർഷങ്ങളോളം
ആശയും അഭയവുമറ്റവർ,
ഇരുണ്ടഭാവിയുടെ നേർക്കുനേർനിന്ന്
കലഹത്തീ തെളിച്ചുനീട്ടിയവർ,
നാമൊന്നുമിവിടെ സത്യത്തിൽ
ഇല്ലേയില്ലെന്നും നിനക്കു തോന്നില്ലേ

നിന്നിലേല്പിക്കുന്നത്
താങ്ങാനാവാത്ത ഭാരമാണെന്നറിയാം,
ഗർഭവതിയായ പേടമാൻ പോലെ
പതറിപ്പോകുന്ന ഈ മാതാവിനോട്
നീ ക്ഷമിക്കൂ,
ചാവുകാത്തു ചുറ്റിപ്പറക്കുന്ന
കഴുകുകളറിയാതെ
ഒച്ചയടക്കി പിറന്നിറങ്ങിവരൂ,
ഒരു ജീവനെയേറ്റിയതിന്റെ ഖേദമെന്നെ
വരിഞ്ഞുമുറുക്കും മുമ്പ്,
നിന്നാലാവും വിധം ദൂരേക്ക്
പലായനം ചെയ്യൂ,
വേഗമാകട്ടെ

ഇന്നലെ രാത്രിയിൽ,
ഒരിറ്റുവെളിച്ചം കണ്ണിൽവീഴാതെ
ഹതാശയായിരിക്കുമ്പോഴും
സ്വയം ശാസിച്ചുനിർത്തിയതാണ്,
അടങ്ങടങ്ങ്!
ഇനിയും പിറന്നിട്ടില്ലാത്ത
അവനിതിലൊക്കെയെന്ത്,
ഇളംകാറ്റിന്റെ കുഞ്ഞിന്
കൊടുങ്കാറ്റുമായെന്ത്!

ഇന്നിതാ
വാർത്തയെത്തിയിരിക്കുന്നു,
ഗാസയിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ
ബോംബിട്ടു തകർത്തുവത്രേ
മരിച്ച അഞ്ഞൂറുപേരിൽ
കുഞ്ഞുങ്ങളുണ്ടായിരുന്നത്രേ
പാതി ചിതറിയ ശിരസ്സുമായി
അതിലൊരു കുഞ്ഞ് നിലവിളിച്ചുവത്രേ,
“സഹോദരാ നീയെന്നെ കാണുന്നുണ്ടോ?”

ഇല്ലായിരുന്നു,
വെകിളിപിടിച്ച ഈ ലോകം
രണ്ടേരണ്ടുമണിക്കൂറിനുള്ളിൽ
സർവാംഗം അന്ധരായി
അവനെയും മറന്ന്
ഉറങ്ങിപ്പോയതുപോലെതന്നെ,
അവന്റെ സഹോദരനും
ഒന്നും കാണുന്നില്ലായിരുന്നു

ഇനിയുമെന്തു പറയാൻ മകനേ,
സർവനാശവും ദുരന്തവും
ഇരട്ടസഹോദരങ്ങളാണ്
കൈകോർത്തുപിടിച്ചവർ
രൗദ്രഭാവം പൂണ്ടെത്തുമ്പോൾ
വിറയ്ക്കുന്ന ചുണ്ടുകളിൽ
ഇനി ശേഷിക്കുന്നത്
മരണത്തിന്റെ ഭാഷ മാത്രം

യുദ്ധങ്ങളിലൊരിക്കലും
കവിയെ ആശ്രയിക്കാതിരിക്കുക
അയാൾ
മുയലിനെപ്പോൽ കുതിച്ചുപായുന്ന
കൂട്ടക്കുരുതികളിൽ
ഒപ്പമെത്താൻ പാടുപെടുന്ന
ആമയെപ്പോലെയാണ്
ഇഴഞ്ഞിഴഞ്ഞെത്തുമ്പോഴേക്ക്‌
കുരുതിക്കളങ്ങളിലൂടെ
പടയോട്ടം തീർന്നുകഴിഞ്ഞിരിക്കും
ഇന്നിവിടെയീ
ഓർത്തോഡോക്സ് പള്ളിയിൽ വരെ
എത്തിനിൽക്കുന്ന കുരുതിയാട്ടം

സർവം കാക്കുന്നവനേ,
നീയെവിടെയാണ്,
നിന്റെ കൺമുമ്പിലാണല്ലോ
ഈ വിശുദ്ധഭൂമിയിൽ
വെറുപ്പിന്റെ ചോരവീഴ്ത്തുന്നത്,
നിന്റെ മിനാരങ്ങൾ തകർത്തെറിയുന്നത്
ഉടയോനേ,
എവിടെയാണ് നീ,
എന്റെ ദൈവമേയെന്നു
മിഴികളുയർത്തുമ്പോൾ
ആകാശങ്ങൾ ചുഴന്ന
യുദ്ധവിമാനങ്ങളായി
എന്റെ ജനതയുടെ
വിധേയത്വത്തിനുമേൽ
തീചൊരിയുന്നത്
സ്വർഗ്ഗസ്ഥനായ
ആ പിതാവ് തന്നെയോ

പ്രിയപ്പെട്ട കുഞ്ഞേ,
സമയമായി,
ഇനി നീയീ കുരിശിലേറുക,
എല്ലാ പ്രവാചകർക്കുമിടമുണ്ടതിൽ!
നീയും നിന്നെപ്പോലുള്ള
അടിവയർത്തുടിപ്പുകളും
അറിയാനിരിക്കുന്നതേയുള്ളുവെങ്കിലും
അവന്,
ആ സർവവ്യാപിക്ക്
എല്ലാമറിയാമല്ലോ!

Indian Civil Watch International (ICWI) is a non-sectarian left diasporic membership-based organization that represents the diversity of India’s people and anchors a transnational network to building radical democracy in India.